Tuesday, November 03, 2009

കൈയിലൊതുങ്ങില്ല, ഈ കൈക്കരുത്ത്


ലോക പഞ്ചഗുസ്തി ചാമ്പ്യന്‍, വീല്‍ചെയര്‍ ഫെന്‍സിംഗ് ദേശീയ ചാമ്പ്യന്‍, ബോഡിബില്‍ഡര്‍, കരാട്ടെ ബ്രൗണ്‍ബെല്‍റ്റ്, നീന്തല്‍ വിദഗ്ധന്‍, നര്‍ത്തകന്‍, എം.എ, എല്‍.എല്‍.ബി ബിരുദധാരി....60 ശതമാനം വൈകല്യത്തോടെ പിറന്നുവീണ് നിശ്ചയദാര്‍ഢ്യത്തിന്റെ ചിറകിലേറി ഉയരങ്ങളിലെത്തിയ ചെറുപ്പക്കാരന്റെ ജീവിതം...2008 ഒക്‌ടോബര്‍. സ്‌പെയിനിലെ ലിയോണ്‍ നഗരത്തില്‍ 29ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സരം നടക്കുന്നു. മൂന്നരയടി മാത്രം ഉയരമുള്ള ഇന്ത്യക്കാരനും ആറടിക്കാരനായ സ്‌പെയിന്‍കാരനും തമ്മിലാണ് മല്‍സരം. ഉയരം ക്രമീകരിക്കാന്‍ മൂന്നരയടിക്കാരന്റെ നില്‍പ് കസേരക്ക് മുകളില്‍. സ്‌പെയിന്‍കാരന്റെ മുഖത്ത് വിജയീഭാവം, ചാമ്പ്യന്റെ ശരീരഭാഷ. മല്‍സരം തുടങ്ങി. മിനിറ്റുകള്‍ നീണ്ട പോരാട്ടം. ബലാബലത്തിനൊടുവില്‍ ആദ്യ റൗണ്ട് വിജയം മൂന്നരയടിക്കാരന്. അടുത്ത റൗണ്ടില്‍ വിജയമുറപ്പിക്കാന്‍ അരയും തലയും മുറുക്കി സ്‌പെയിന്‍കാരന്‍. മല്‍സരം തുടങ്ങി നിമിഷങ്ങള്‍ക്കകം പരാജയം മണത്ത അയാള്‍ സര്‍വശക്തിയും ആവാഹിച്ച് അവസാന ശ്രമത്തില്‍. അതും ഫലിച്ചില്ല. മൂന്നരയടിക്കാരന്റെ വിരിമാറിലേക്കുള്ളതായിരുന്നു ചാമ്പ്യന്റെ സ്വര്‍ണപ്പതക്കം.

കാളപ്പോരിന്റെ നാട്ടുകാരനായ ആല്‍ബര്‍ട്ടോ ആയിരുന്നു ആ ആറടിക്കാരന്‍. ജേതാവായ മൂന്നരയടിക്കാരന്‍ ജോബി മാത്യു. കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ അടുക്കം വെള്ളാനിമലയിലെ നെല്ലുവേലില്‍ എന്‍.കെ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകന്‍. 32 വയസ്സ്.
60 ശതമാനം അസ്ഥിവൈകല്യവുമായി പിറന്നുവീണ ജോബിയുടെ കാലുകള്‍ക്ക് നീളം മൂന്നരയടി മാത്രം. നടക്കാന്‍ കൈയുടെ സഹായം അനിവാര്യം. എന്നിട്ടും ലിയോണ്‍ അടക്കമുള്ള കൈക്കരുത്തിന്റെ പോര്‍ക്കളങ്ങള്‍ ജോബിക്കു മുന്നില്‍ അടിയറ പറഞ്ഞത് വൈകല്യത്തിന് വഴങ്ങാത്ത ആ നിശ്ചയദാര്‍ഢ്യം കാരണമാണ്.

കുതിപ്പിന്റെ തുടക്കം

അഞ്ചാം വയസില്‍ പിതാവ് മരിച്ചു. സ്‌കൂള്‍ പ~നം ചങ്ങനാശേരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന മേഴ്‌സിഹോമില്‍. പാ~്യഫപാ~്യേതര വിഷയങ്ങളില്‍ അന്നേ സമര്‍ഥന്‍. വൈകല്യമുള്ളവരുടെ ഓട്ടമല്‍സരത്തില്‍ '84 മുതല്‍ സംസ്ഥാന ചാമ്പ്യന്‍. മെഡലുകള്‍ വാരിക്കൂട്ടി മുന്നോട്ട്. കോളജ് പ~നകാലത്തും തുടര്‍ന്ന ഓട്ടം 2005 ലാണ് അവസാനിപ്പിച്ചത്. തോല്‍പിക്കാന്‍ ആളില്ലായതോടെ. നൃത്തത്തിലും കഴിവ് തെളിയിച്ച ജോബി '88ല്‍ കോയമ്പത്തൂരില്‍ നടന്ന ദേശീയ മല്‍സരത്തില്‍ മൂന്ന് നൃത്തയിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി. കലാപ്രതിഭ അവാര്‍ഡ് സമ്മാനിച്ചത് മുന്‍ രാഷ്ട്രപതി വെങ്കിട്ടരാമന്റെ പത്‌നി ജാനകി വെങ്കിട്ടരാമന്‍.

വെള്ളാനിമലയോട് മല്ലിട്ട്

ചങ്ങനാശേരി എസ്.ബി കോളജിലെ പ്രീഡിഗ്രി പ~നത്തിന് ശേഷം അരുവിത്തറ സെന്റ് ജോര്‍ജ് കോളജില്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സിന് ചേര്‍ന്നു. എട്ടരക്കുള്ള ബസ് പിടിക്കാന്‍ രാവിലെ ആറിന് മലമുകളിലെ വീട്ടില്‍ നിന്നിറങ്ങും. ഉരുളന്‍ കല്ലുകളും ചെങ്കുത്തായ കയറ്റങ്ങളും താണ്ടി നാല് കിലോമീറ്റര്‍ യാത്ര. വഴിയിലെ ആറ് തോടുകള്‍ കടക്കാന്‍ കൈകുത്തിച്ചാടണം. കുടപിടിക്കാനാവാത്തതിനാല്‍ മഴ പെയ്താല്‍ നനയും. സ്‌റ്റോപ്പിലെത്തുമ്പോഴേക്കും വസ്ത്രങ്ങള്‍ മുഷിഞ്ഞിട്ടുണ്ടാകും. തൊട്ടടുത്ത തോട്ടില്‍ കുളിച്ച് വസ്ത്രം മാറിയാണ് തുടര്‍ന്നുള്ള യാത്ര. ജോബിയുടെ പോരാട്ട വീര്യം ജ്വലിപ്പിച്ചത് വെള്ളാനിമലയോട് മല്ലിട്ട് നടത്തിയ ഈ യാത്രകളാണ്.

പഞ്ചഗുസ്തിയുടെ ലോകത്ത്


സ്‌കൂള്‍ പ~നകാലത്ത് ഡ്രില്‍ സമയത്ത് തമാശക്കാണ് പഞ്ചഗുസ്തിയിലേക്കെത്തിയത്. ഓടിക്കളിക്കാനാവാത്തതിനാല്‍ ക്ലാസ്മുറിയിലിരുന്ന് സഹപാ~ികളോട് കൈക്കരുത്തളക്കും. കളി പിന്നീട് കാര്യമായെടുത്തു. ക~ിന പരീശീലനം തുടങ്ങി. '93ല്‍ കോട്ടയം ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനം. പിന്നെ പടിപടിയായി ഉയരങ്ങളിലേക്ക്. '94ല്‍ സംസ്ഥാന മല്‍സരത്തില്‍ രണ്ടാംസ്ഥാനവും വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും. '96ല്‍ ജബല്‍പൂരില്‍ നടന്ന ദേശീയ മല്‍സരത്തില്‍ ജനറല്‍ കാറ്റഗറിയില്‍ ചാമ്പ്യന്‍. 2002ല്‍ ഈജിപ്തിലും 2004ല്‍ ബ്രസീലിലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന് സെലക്ഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം പങ്കെടുക്കാനായില്ല. സഹായത്തിനായി സര്‍ക്കാറിനെ സമീപിച്ചെങ്കിലും കീഴ്‌വഴക്കമില്ലെന്നായിരുന്നു മറുപടി. സഹായാഭ്യര്‍ഥന സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയില്‍ കുരുങ്ങി.

2005ല്‍ ജപ്പാന്‍ ചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടി. മല്‍സരത്തിന് പോകാന്‍ പണമില്ലാതെ വിഷമിക്കുന്ന ജോബിയെക്കുറിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്ത തമിഴ് സൂപ്പര്‍ താരം ശരത്കുമാറിന്റെ ശ്രദ്ധയില്‍ പെട്ടു. ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം കൊച്ചിയില്‍ സിനിമാഷൂട്ടിംഗിനെത്തുമ്പോള്‍ കാണാമെന്ന് ഉറപ്പുനല്‍കി. കൊച്ചി ലേമെറിഡിയന്‍ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജോബിയുടെ മികവിന്റെ രേഖകള്‍ അദ്ദേഹം പരിശോധിച്ചു. പ്രതിഭാധനനായൊരു കായികതാരം അവഗണിക്കപ്പെടുന്നതില്‍ അല്‍ഭുതം കൂറിയ അദ്ദേഹം പാരിതോഷികമായി ഒരുലക്ഷം രൂപനല്‍കി. മറ്റ് മാര്‍ഗങ്ങളിലൂടെ സംഘടിപ്പിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ജപ്പാനിലെത്തി മല്‍സരത്തില്‍ പങ്കെടുത്ത ജോബി മൂന്ന് ലോക മെഡലുകളാണ് വാരിക്കൂട്ടിയത്.

ജനറല്‍ കാറ്റഗറിയില്‍ 52 കി.ഗ്രാം വിഭാഗത്തില്‍ വലതുകൈക്ക് വെങ്കലം. 60 കി.ഗ്രാമിന് താഴെ വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ വലതുകൈക്കും ഇടതുകൈക്കും വെങ്കലം. വൈകല്യമുള്ള ഒരാള്‍ ജനറല്‍ കാറ്റഗറിയില്‍ മെഡല്‍ നേടുന്നത് ആദ്യമായായിരുന്നു. ഒരു ചാമ്പ്യന്‍ഷിപ്പില്‍ ഒരാള്‍ മൂന്ന് ലോക മെഡലുകള്‍ നേടുന്നതും അപൂര്‍വം. തിരിച്ചെത്തിയ ജോബിക്ക് ചെന്നൈ വിമാനത്തവളത്തില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സേനാതലവന്‍മാരും എം.പിമാരും എം.എല്‍.എമാരും നടന്‍ ശരത് കുമാറുമടങ്ങുന്ന വന്‍ സംഘം സ്വീകരണത്തിനെത്തി. ശരത് കുമാറിന്റെ വീട്ടിലേക്ക് ചെന്നൈ നഗരത്തിലൂടെ അലങ്കരിച്ച വാഹനത്തില്‍ ആനയിച്ചു. ദേശീയ മാധ്യമങ്ങള്‍ ഇന്റര്‍വ്യൂ ചെയ്തു. താമസിച്ച ഹോട്ടലിന് പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കി.

തിരിച്ച് കേരളത്തിലെത്തിയപ്പോള്‍ ആദ്യം സ്വീകരണം നല്‍കിയത് ചങ്ങനാശേരി ക്ലബ്. 60,000 രൂപ ക്യാഷ് പ്രൈസും അവര്‍ നല്‍കി. കൈരളി ടി.വിയിലെ അശ്വമേധം പരിപാടിയുടെ വക 55,000 രൂപയും സമ്മാനമായി ലഭിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണം തീര്‍ത്തും നിരാശാജനകമായിരുന്നു.

2005 ലെ ബെസ്റ്റ് റോള്‍ മോഡല്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ അവാര്‍ഡായി നല്‍കിയത് 5000 രൂപയും പ്രശസ്തി പത്രവും മാത്രം. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് ഇന്ത്യക്ക് വേണ്ടി മല്‍സരിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഞ്ജു ബോബി ജോര്‍ജിനും പാതി മലയാളിയായ ക്രിക്കറ്റര്‍ റോബിന്‍ ഉത്തപ്പക്കും 5 ലക്ഷം വീതം നല്‍കിയ സര്‍ക്കാറിന്റെ തന്നോടുള്ള പെരുമാറ്റം വേദനിപ്പിച്ചതായി ജോബി പറയുന്നു. 2008ല്‍ ഭാരത് പെട്രോളിയത്തില്‍ സ്‌പോര്‍ട്‌സ് താരമായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് സ്‌പെയിനിലെ മല്‍സരത്തില്‍ പങ്കെടുത്തത്. ജനറല്‍ കാറ്റഗറിയില്‍ 52 കി.ഗ്രാം വിഭാഗത്തില്‍ ഇടതുകൈക്ക് സ്വര്‍ണവും വൈകല്യമുള്ളവരുടെ 60 കി.ഗ്രാമില്‍ താഴെ വിഭാഗത്തില്‍ വലതുകൈക്ക് വെള്ളിയും നേടിയാണ് സ്‌പെയിനില്‍ നിന്ന് മടങ്ങിയത്. ലോക മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ആം റെസ്‌ലിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ.വി വിക്രമന്‍ വളരെയേറെ സഹായിച്ചതായി ജോബി പറയുന്നു.

അങ്കത്തട്ടില്‍

ഡിഗ്രി അവസാന വര്‍ഷം അരുവിത്തറ കോളജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ജോബി തെരഞ്ഞെടുക്കപ്പെട്ടത്. 1200 വോട്ടിന്റെ ഭൂരിപക്ഷം. പ~നം പൂര്‍ത്തിയാക്കി എറണാകുളം വീഗാലാന്റില്‍ ഗസ്റ്റ് റിലേഷന്‍ ഓഫീസറായി ജോലിക്ക് ചേര്‍ന്നു. അതോടൊപ്പം എറണാകുളം ലോ കോളജില്‍ എല്‍.എല്‍.ബി പ~നവും. തുടര്‍ന്ന് എം.എ പ~നത്തിനായി തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെത്തി. ഇതിനിടയിലാണ് വീല്‍ചെയര്‍ ഫെന്‍സിംഗില്‍ ഒരുകൈ നോക്കാന്‍ തീരുമാനിച്ചത്. മുന്‍ ഇന്ത്യന്‍ കോച്ച് എസ്. രാധാകൃഷ്ണന് കീഴില്‍ തീവ്രപരിശീലനം. 2004 ലെ വീല്‍ചെയര്‍ ഫെന്‍സിംഗ് നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. 2004 ഏഥന്‍സ് പാരാലിമ്പിക്‌സിന് സെലക്ഷന്‍ ലഭിച്ചെങ്കിലും കേരളത്തില്‍ പാരാലിമ്പിക്‌സ് കമ്മിറ്റി ഇല്ലാത്തതിനാല്‍ പങ്കെടുക്കാനായില്ല. സംസ്ഥാന കമ്മിറ്റി വഴി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ ഒളിമ്പിക്‌സ് കമ്മിറ്റി പരിഗണിക്കൂ. ഫെന്‍സിംഗ് ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായത്തിനായി സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കീഴ്‌വഴക്കമില്ലെന്നും മന്ത്രിസഭയുടെ തീരുമാനം വേണമെന്നുമായിരുന്നു മറുപടി. ഇതിനിടെ കളമശേരി രാജഗിരിക്ക് കീഴിലെ കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കേരളീയം റീഹാബിലിറ്റേഷന്‍ പ്രൊജക്റ്റില്‍ പി.ആര്‍.ഒ ആയി ജോലി ലഭിച്ചു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായമൊരുക്കലാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യം. തുടര്‍ന്നാണ് ഭാരത് പെട്രോളിയത്തില്‍ ജോലി ലഭിക്കുന്നത്.

92 മുതല്‍ ബോഡി ബില്‍ഡിംഗ് രംഗത്തും സജീവമായ ജോബി 2002 അപ്പര്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു. 94ല്‍ കരാട്ടെ ബ്രൗണ്‍ബെല്‍റ്റും സ്വന്തമാക്കി. സാഹസിക സ്‌പോര്‍ട്‌സ് ഇനങ്ങളിലും തല്‍പരനാണ്. 2003ല്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും അഞ്ച് കി.മീ വീതം കടലില്‍ നീന്തിയിട്ടുണ്ട്. 2002ല്‍ പാരാസെയ്‌ലിംഗും നടത്തി.

വൈകി വന്ന സഹായം

സാമ്പത്തിക സഹായാഭ്യര്‍ഥനക്ക് മുന്നില്‍ സര്‍ക്കാര്‍ പലതവണ കൈമലര്‍ത്തിയെങ്കിലും അവസാനം അധികൃതര്‍ കണ്ണുതുറന്നു.2005 ജപ്പാന്‍ ചാമ്പ്യന്‍ഷിപ്പിലെ നേട്ടത്തിന് 2007 ല്‍ ഒരുലക്ഷം രൂപ ക്യാഷ് പ്രൈസ് അനുവദിച്ചു. 2008ല്‍ സ്‌പെയിനില്‍ കിരീടം നേടിയപ്പോള്‍ മന്ത്രി എം. വിജയകുമാര്‍ ടെലിഫോണില്‍ വിളിച്ച് അനുമോദിച്ചു. 2008ലെ ജി.വി രാജ സ്‌പെഷല്‍ അവാര്‍ഡായ ഒരുലക്ഷം രൂപ ഗവര്‍ണര്‍ സമ്മാനിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി രണ്ടുലക്ഷവും അനുവദിച്ചു.2006ലും '07ലും സംസ്ഥാന സര്‍ക്കാര്‍ അര്‍ജുന അവാര്‍ഡിന് നോമിനേറ്റ് ചെയ്തിരുന്നു.

എവറസ്‌റ്റോളം മോഹം

ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ദിവസവും ഒരു മണിക്കൂര്‍ ജിംനേഷ്യത്തില്‍ ചെലവഴിക്കും. അരമണിക്കൂര്‍ പെരിയാറില്‍ നീന്തും. ദിവസവും 450 രൂപയുടെ ഭക്ഷണം വേണം. മുട്ടയുടെ വെള്ളയും മുളപ്പിച്ച പയറും തൊലികളഞ്ഞ കോഴിയിറച്ചിയും മല്‍സ്യവും പഴവര്‍ഗങ്ങളും പാലുമാമാണ് മുഖ്യാഹാരം. അരിഭക്ഷണത്തിന് പകരം ഗോതമ്പ് വിഭവങ്ങള്‍.ഡിസംബറില്‍ ലണ്ടനില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ഫെന്‍സിംഗ് മല്‍സരത്തിലും പങ്കെടുക്കാന്‍ പദ്ധതിയുണ്ട്. 2012 ലണ്ടന്‍ പാരാലിമ്പിക്‌സിലും പങ്കെടുക്കണമെന്നുണ്ട്.

എവറസ്റ്റ് കീഴടക്കലാണ് ജീവിതത്തിലെ ലക്ഷ്യങ്ങളിലൊന്ന്. 10 വര്‍ഷത്തിനകം അതിന് കഴിയുമെന്ന് കരുതുന്നു. ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുക, സാഹസിക സ്‌പോര്‍ട്‌സ് രംഗത്ത് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങള്‍ കീഴടക്കുക തുടങ്ങിയ മോഹങ്ങളും മനസില്‍ സൂക്ഷിക്കുന്നു. കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസുകളിലെ നിറസാന്നിധ്യമാണ് ജോബി. നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനമുള്ള കാറിലും സ്‌കൂട്ടറിലുമായാണ് സഞ്ചാരം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനമാകാന്‍ തന്റെ നേട്ടങ്ങള്‍ക്ക് കഴിയുമെന്ന് ജോബി കരുതുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മോഹിനിയാട്ടത്തില്‍ റിസര്‍ച്ച് ഫെലോ ആയ ഭാര്യ മേഘ എസ്.പിള്ളക്കും മകനുമൊപ്പം ഇപ്പോള്‍ കളമശേരിയിലാണ് താമസം.


Share/Bookmark